( 1 ) അഞ്ചികൈമൾ അഥവാ എറണാകുളം :
പെരുമ്പടപ്പ്
സ്വരൂപം എന്ന കൊച്ചിരാജ്യത്തിൽ
നിന്നും ഉത്ഭവിച്ച ഏഴു സാമന്ത സ്വരൂപങ്ങളേപ്പറ്റിയാണ്
അപൂർണ മായെങ്കിലും ചരിത്ര രേഖകൾ ലഭ്യമായിട്ടുള്ളത് -- അവ അഞ്ചികൈമൾ ( എറണാകുളം
), ഇടപ്പള്ളി, ആലങ്ങാട്, പറവൂർ, കരപ്പുറം, വില്ലാർവട്ടം, കൊടുങ്ങല്ലൂർ.
എറണാകുളവും
സമീപ പ്രദേശങ്ങളും അഞ്ചിക്കൈമൾമാർ എന്നപ്രബലരായ നായർ മാടമ്പികളുടെ വകയായിരുന്നു.
ചേരാനല്ലൂർ കർത്താവായിരുന്നു ഇവരിൽ പ്രമാണി. കോഴിക്കോട് സാമൂതിരിയിൽ നിന്നും കൊച്ചിരാജാവിലേക്കും നേരേമറിച്ചും ഇവർ കൂറുമാറിക്കൊണ്ടിരുന്നു.
അഞ്ചികൈമൾമാരെ കൂടാതെ
ശക്തരായ മറ്റുപല നായർ മാടമ്പി മാരും
ഉണ്ടായിരുന്നു. എറണാകുളത്തിനു വടക്ക് മുരിനാട്ടു നമ്പ്യാർ, പാലിയത്തച്ചൻ, നായിക്കരു വീട്ടിലച്ചൻ,കൊടശ്ശേരക്കൈമൾ, കൊരട്ടികൈമൾ, ചങ്ങരന് ക്കോത കൈമൾ, പനമ്പുക്കാട്ടു കൈമൾ എന്നിവരാണ് ഇവരിൽ
ഏറ്റവും പ്രബലന്മാർ. കൊച്ചി രാജാവിനോട് ഇവർക്ക് നാമമാത്രമായ വിധേയത്വമുണ്ടായിരുന്നെങ്കിലും
അതാതു ദേശങ്ങളിൽ വമ്പിച്ച അധികാരമാണ് ഇവർപുലർത്തിയിരുന്നത്('കേരള ചരിത്രം', എ.
ശ്രീധര മേനോൻ , പേജ് 197 ).
അഞ്ചു
കൈമൾമാരുടെ പ്രദേശം എന്ന അർത്ഥത്തിലാണ് എറണാകുളത്തിന്
" അഞ്ചികൈമൾ
" എന്ന പേര് സിദ്ധിച്ചത് -- 'കോയ്മ' ആളുന്നവൻ, കൈമൾ.എറണാകുളത്തിൻറെ വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന ചേരാനല്ലൂരിൽ ആയിരുന്നു ചുങ്കം പിരിച്ചിരുന്നത്. 3465 - ഏക്കർ വിസ്തീർണമുള്ള, നെല്ലും തെങ്ങും ധാരാളമായി വളരുന്ന ഒരുഗ്രാമമായിരുന്നു, ചിറ്റൂർ, ഇടയാക്കുന്നം, വാലം, വടുതല ഉൾപ്പെടുന്ന ചേരാനല്ലൂർ റെവന്യൂ. നമ്പുതിരിമാരും ദേവസ്വവുമായിരുന്നു ഭൂവുടമകൾ. സ്വന്തമായി സൈന്യബലമുണ്ടായിരുന്ന ഇവർ സാമൂതിരിയുടെ ആക്രമണത്തെ
തടുക്കാൻ കൊച്ചി- തിരുവിതാംകൂർ ഉടമ്പടി പ്രകാരം നിർമ്മിച്ച കോട്ടകളിൽ ഒന്ന് ഇവിടെയായിരുന്നു -- അത് തൃക്കണാർ വട്ടത്ത്
( ഇന്നത്തെ അയ്യപ്പൻ കാവ് ) തന്നെ ആയിരുന്നു എന്നാണ് അഭിജ്ഞമതം.
വഴി
വക്കുകളിൽ തണൽമരങ്ങളും തണ്ണീർ പന്തലുകളുംഉണ്ടായിരുന്നു.ചേരാനല്ലൂർ കർത്താവ്, കൊച്ചി രാജാവിൻറെ സൈന്യതലവനും 'ദേശ വാഴി' യുമായിരുന്നു.
എല്ലാവർഷവും നാണയങ്ങൾ ഉപയോഗിക്കാത്ത ( ബാർട്ടർ), വാണിഭ കൈമാറ്റ ചന്തകൾ ചേരാനല്ലൂരും ചേന്ദമംഗലത്തും ഉണ്ടായിരുന്നു. വിഷുവും ഓണവുമായിരുന്നു പ്രധാന ആഘോഷങ്ങൾ. ഡച്ചുകാർ കൊച്ചിക്കോട്ട പിടിച്ചപ്പോൾ അഞ്ചിക്കൈമൾ മാർ, ഡച്ചുകാർക്കു സൈന്യ
സഹായം നൽകി (1716 -ൽ ). അഞ്ചികൈമൾ
ആദ്യം കൊച്ചിരാജാവിൻറെ ശത്രുവായ സാമൂതിരിയുടെ പക്ഷത്തായിരുന്നു. അവസാനം അതിൻറെ പേരിൽ അവർക്കു കൊച്ചിരാജാവിനോട് ക്ഷേമായാചനം
ചെയ്യേണ്ടി വന്നു. അത് ' സന്തതി പാരമ്പര്യം' എന്നപേരിൽ ധാരാളം ഭൂമി വിട്ടു കിട്ടുവാൻ
ഇടയാക്കി (എറണാകുളം ജില്ല - വി.വി . കെ.
വാലത്ത്, പേ. 213 ).
ഈ നാടുവാഴികളായ പ്രഭുക്കന്മാർക്കുണ്ടായിരുന്ന
അമിതമായ അധികാരങ്ങൾ വലിയ രാജാക്കന്മാർക്ക് പലപ്പോഴും
തലവേദന സൃഷ്ടിച്ചിരുന്നു.
1762 - ലെ തിരുവിതാംകൂർ - കൊച്ചി ഉടമ്പടിയിൽ ഇക്കാര്യം പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. അതിൽ കൊച്ചിയിലെ മുഴുവൻ
മാടമ്പിമാരേയും അമർച്ച ചെയ്ത് രാജ്യ വിസ്തൃതി വർദ്ധി പ്പിക്കാൻ തിരുവിതാം കൂറിൻറെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെയാണ് അഞ്ചിക്കൈമൾമാർ അടക്കമുള്ള എല്ലാ മാടമ്പിമാരെയും അമർച്ച ചെയ്തത്. ഇതിനു നേതൃത്വം നല്കിയതാകട്ടെ കൊച്ചിരാജാവിൻറെ മന്ത്രിയായിരുന്ന പാലിയത്ത് കോമിയച്ചൻ. ഈ നടപടിക്കു ശേഷം
ചരിത്രത്തിൽ അഞ്ചി കൈമള്മാരെക്കുറിച്ചുള്ള പരാമർശം ഇല്ലാതായി. എറണാകുളം എന്നപേര് പ്രതിഷ്ഠിതമായി;1 8 -ആം നൂറ്റാണ്ടോടെ. എറണാകുളം
ജില്ലാക്കോടതി അഞ്ചിക്കൈമൾ കോടതി എന്നാണ് അടുത്തകാലം വരെ
അറിയപ്പെട്ടിരുന്നത്. എറണാകുളത്തും സമീപ ദ്വീപുകളിലും താമസിക്കുന്ന,
ഗോവയിൽ നിന്ന് കൂടിയേറിയ, പ്രാകൃത-കൊങ്കിണി സംസാരിക്കുന്ന പിന്നാക്കക്കാരായ കുടുംബി
സമുദായക്കാർക്കു ഇന്നും ഇവിടം 'അഞ്ചിക്കമാളു' ആണ്.( കേരളത്തിലെ രാജ വംശങ്ങൾ - വേലായുധൻ
പണിക്കശേരി, പേജ്- 81 കാണുക )).
എറണാകുളത്തിൻറെ പൂർവചരിത്രം
:
ഇന്ത്യയിലെ
തന്നെ പ്രബല സിറ്റി യായി മാറിയ എറണാകുളത്തിൻറെ
പൂർവകാല അവസ്ഥയേ
ക്കുറിച്ചു പറഞ്ഞില്ലെങ്കിൽ ഈ ഭാഷ്യം പൂർണ്ണ
മാവില്ല. അക്കാലത്തു് എറണാകുളത്തിൻ്റെ നല്ലൊരുഭാഗം വിജനവും കുറ്റിക്കാടുകളും ചതുപ്പു നിലങ്ങളും കയങ്ങളും ഹിംസ്ര ജന്തുക്കളും നിറഞ്ഞതായിരുന്നു. തീരപ്രദേശങ്ങളാകട്ടെ മുതലകളുടെ വിഹാര രംഗവും. മുതല പിടിച്ചുള്ള മരണം
സാധാരണമായിരുന്നു.( 15
-ആം നൂറ്റാണ്ടിൽ പറങ്കികൾ വരുമ്പോൾ ,കളക്ട്രേറ്റ് ഇരുന്ന സ്ഥലം ഒരു
വലിയ കയമായിരുന്നു ). തീരങ്ങളിൽ മുക്കുവരുടെ കുടിയിരിപ്പുകൾ. മുകളിലേക്കു നീങ്ങിയാൽ സർപ്പക്കാവുകൾ ക്കൊപ്പം ഭൂവുടമകളുടെ വലിയ ഭവനങ്ങൾ.
പോർച്ചുഗീസ്
- ഡച്ചു കാലത്ത് എറണാകുളവും പരിസര പ്രദേശങ്ങളും യുദ്ധത്തിന്റെ കെടുതികൾക്കി രയായി.
ഇന്നത്തെ ജില്ലാ
ആയുർവേദ ആശുപത്രി ഇരിക്കുന്ന സ്ഥാനത്ത് അന്ന് കോടതി ആയിരുന്നു.( കച്ചേരിപ്പടി); അത് മുമ്പ് തൃപ്പൂണിത്തുറ
യിൽ നിന്നു പറിച്ചു നട്ടതാണ് . ബ്രോഡ് വേയും ചിറ്റൂർ റോഡും അന്നു കരിങ്കൂവളവും കാട്ടുചേമ്പും നിറഞ്ഞ ചതുപ്പു നിലമായിരുന്നുവത്രെ !
അഞ്ചിക്കൈമൾ
എന്ന എറണാകുളത്തിൻറെ ഭമിശാസ്ത്രപരമായ
രൂപം ഇന്നു കാണുന്ന വിധത്തിൽ ആയിരുന്നില്ല -- 'കായലും കാടും തോടും തുരുത്തും നിറഞ്ഞ ഒരു
ഗ്രാമം മാത്രം. കിഴക്കു ഭാഗത്ത് കടവന്ത്ര വഴി തെക്കുവടക്കു നീണ്ടുകിടക്കുന്ന
കായലിൽ കൂടിയായിരുന്നു, ( പടിഞ്ഞാറേ ഭാഗത്തുള്ള ഇന്നത്തെ കായലിൽ കൂടി ആയിരുന്നില്ല) അന്നത്തെ
ജല ഗതാഗതം. ഈ കായൽ എളമക്കര,
ചേരാനല്ലൂർ വഴി ഒഴുകി, വരാപ്പുഴ
വച്ച് പെരിയാറുമായി സന്ധിച്ചിരുന്നു. അഞ്ചികൈമളിൻറെ വടക്കേ അറ്റം വടുതല ആയിരുന്നു.
" ഈ പുഴ (ആലുവ
),മലയാറ്റൂർ, കാഞ്ഞൂർ, ചോവ്വര, വരാപ്പുഴ, അഞ്ചികൈമൾ ( എറണാകളം ) വഴി കൊച്ചിയിൽ വീഴുന്നു.
അഞ്ചികൈമളിന്റെ വടക്കേ അതിർത്തി യായിരുന്നു വരാപ്പുഴ ", ഫ്രാൻസിസ് ബർത്തലോമിയോ - (Qutd by വി.വി .കെ
വാലത് പേ 213 ). " വളവരവഞ്ചി, ചൊവ്വര കേറി ", ഇത് പഴംചൊല്ല്.
എറണാകുളത്തേയും
തൃശ്ശൂരിനെയും ബന്ധിപ്പിച്ച ഗതാഗത മാർഗം വള്ളവും കാളവണ്ടിയുമായിരുന്നു. തൃപ്പൂണിത്തുറയിൽ നിന്ന് രാജകുടുംബഅംഗങ്ങൾ എറണാകുളത്തേക്ക് യാത്ര ചെയ്തിരുന്നത് കുതിര വണ്ടികളിലായിരുന്നു
ആലപ്പുഴ,
കൊല്ലം, കോട്ടയം, ഭാഗത്തേക്ക് പോകുന്ന രണ്ടു റോഡുകളായിരുന്നു പ്രധാനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ