2014 മേയ് 29, വ്യാഴാഴ്‌ച

കൊച്ചിരാജ്യ ചരിത്രവും വില്ലാർവട്ടം രാജവംശവും: ( 4 ) ബ്രാഹ്മണ കുടിയേറ്റവും ആര്യവൽക്കരണവും .

ബ്രാഹ്മണ കുടിയേറ്റവും ആര്യവൽക്കരണവും 

സംഘകാല കേരളത്തിൽ,ഒരു ദ്രാവിഡ സംസ്കാരമാണ് നിലനിന്നിരുന്നത്. ജൈന-ബുദ്ധ മതങ്ങളും പിന്നീട് ക്രിസ്തു മതവും കടന്നുവരുമ്പോൾ ഇവിടെ ഉണ്ടായിരുന്ന ഹിന്ദു മതവും, പ്രധാനമായും , ദ്രവീഡിയൻ ആയിരുന്നു. താരതമ്യേന പ്രകൃതമായിരുന്ന, ജാതി വ്യത്യാസം വളരെയൊന്നും ഇല്ലാത്ത ഇവിടത്തെ സമൂഹ ഘടനയെ തകിടം മറിച്ചത് സംഘടിതമായ ബ്രാഹ്മണ കുടിയേറ്റമാണെന്നത് എല്ലാ ചരിത്രകാരന്മാരും തന്നെ അംഗീകരിക്കുന്ന വസ്തുതയാണ്‌.

തുളുനാട്ടിൽ നിന്ന്, വൈദിക ബ്രാഹ്മണർ, കടൽത്തീരം വഴി മലബാറിലെത്തിയത് എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണെന്നും,അതിനുമുമ്പ് ബ്രാഹ്മണ കുടിയേറ്റം നടന്നിട്ടില്ലെന്നുമാണ് ഇംഗ്ലീഷ് ചരിത്രകാരനായ വില്യം ലോഗൻ  ( മലബാർ മാന്വലിൽ ), തറപ്പിച്ചു പറയുന്നതെങ്കിലും  കേരളത്തിലെ നമ്പൂതിരി-ബ്രാഹ്മണ സാന്നിദ്ധ്യം ബി . സി . ഒന്നാം ശതകം വരെ പോകുമെന്നാണ് പ്രശസ്ത ചരിത്രകാരനായ ഡോക്ട്ടർ രാജൻ ഗുരുക്കൾ, പ്രമാണസഹിതം വാദിക്കുന്നത്. തമിഴ് ഭാഷയിൽ, ചെല്ലൂരിന്റെ 'അകം കാവ്യ'ത്തിൽ  മാമുലനാർ എന്ന പാട്ടുകാരൻ , ക്രിസ്തുവിനു മുമ്പ് ( B.C.) രണ്ടാം ശതകത്തിൽ കേരളത്തിലെ ചില സ്ഥലങ്ങളിൽ ബ്രാഹ്മണ ഭവനങ്ങൾ ഉള്ളതായി സ്ഥിരീകരിക്കുന്നുണ്ട്.10.

എന്നാൽ, ബി.സി 1000 - ത്തിനോടടുത്തു തന്നെ ഡക്കാണിലും തെക്കേ ഇന്ത്യയിലും അര്യാതിപ്രസരം ആരംഭിച്ചുകഴിഞ്ഞു എന്നും,  ദക്ഷിണേന്ത്യൻ രാജ്യങ്ങളെക്കുറിച്ച് പരാമർശിക്കുന്ന വ്യാകരണകാരനായ കാർത്യയനന്റെ കാലത്ത് ( B.C.1 -ആം ശതകം  ),അതു നിർണ്ണായക ഘട്ടത്തിൽ എത്തിയെന്നുമാണ്, ലോഗന്റെ വാദത്തെ നിരാകരിച്ചുകൊണ്ട്‌ പ്രൊഫസർ ശ്രീധര മേനോൻ
 പറയുന്നത് .11.

നമ്പുതിരി എന്ന മലയാള പദത്തിന് വലിയ പ്രാചീനത ഇല്ലെന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ട്, യഥാർത്ഥ സംജ്ഞ മലയാള ബ്രാഹ്മണൻ എന്നാണെന്നാണ് ഹൈന്ദവചരിത്ര പണ്ഡിതനായ,ആത്രശ്ശേരി അഗ്നിശർമ്മൻ നമ്പുതിരിപ്പാടു, തന്റെ ലേഖനത്തിൽ  അഭിപ്രായപ്പെടുന്നത്.12.

അദ്ധേഹത്തിന്റെ അഭിപ്രായത്തിൽ , " ഇന്നത്തെ കേരളചരിത്രകാരന്മാർ എഴുതിപ്പിടിപ്പിച്ചു കാണുന്നതിലും എത്രയോ വർഷങ്ങൾക്കു മുമ്പേ നമ്പുതിരിമാരുടെ പൂർവികരിലെ ആദ്യ സംഘം കേരളത്തിലേക്ക് കുടിയേറിയിരുനനു എന്ന് സധൈര്യം പറയാം... ..  കന്യാകുമാരി മുതൽ ഗോകർണം വരെയുള്ള ഭാരത ഭൂഖണ്‍ടത്തിലേക്ക്, നമ്പുതിരിമാരുടെയും അവരിൽനിന്നും ഓരോ കാരണംകൊണ്ട് തിരിഞ്ഞ അവാന്തര വിഭാഗങ്ങളുടെയും ആദ്യം കുടിയേറിയ പൂർവികർ, പശ്ചിമോത്തര ഭാരതത്തിൽ നിന്നുംപോന്നവരയിരിക്കണം"…. “ഏതാനും ബ്രാഹ്മണ കുടുംബങ്ങളെയും അവരുടെ ദാസന്മാരായി വർത്തിച്ചിരുന്ന , നായന്മാരായി ഇന്നറിയപ്പെടുന്ന , നാഗന്മാരെയും കൊണ്ടുവന്നു താമസിപ്പിച്ചവരാകണം കേരളത്തിൽ വന്ന നമ്പുതിരിമാരുടെ പൂർവികരും നായന്മാരുടെ പൂർവികരും എന്നുവേണം അനുമാനിക്കാൻ .” 13.

എന്നാൽ, സംഘടിതമായ ബ്രാഹ്മണ കുടിയേറ്റം നടന്നത് ക്രി. വ . എട്ടാം നൂറ്റാണ്ടോടുകൂടി മാത്രമാണെന്ന്, പതിറ്റാണ്ടുകൾ നീണ്ട ഗവേഷണത്തിലൂടെ ( ശിലാ ലിഖിതങ്ങളുടെയും ചെമ്പുപട്ടയങ്ങളുടെയും തമിഴ്- സംസ്കൃത -മലയാള  സാഹിത്യത്തിന്റെയും വായനയിലൂടെ ), പ്രൊ. ഇളംകുളം കുഞ്ഞൻ പിളള സ്ഥാപിച്ചിരിക്കുകയാണ്. ഏം .ജി .എസ് . ആകട്ടെ, ഇളംകുളത്തിന്റെ നിഗമനങ്ങളെ ശരിവച്ചിരിക്കുകയുമാണ്. എന്നാൽ, എട്ടാം നൂറ്റാണ്ടിനു മുമ്പ് കേരളത്തിൽ ബ്രാഹ്മണ സാന്നിധ്യമില്ല എന്ന വാദം ശരിയല്ലെന്നുതന്നെയാണ് പല ചരിത്രകാരന്മാരുടെയും ഉറച്ച നിഗമനം കൂടാതെ , ഇവിടെയുള്ള നമ്പുതിരിമാരെല്ലാം പുറത്തുനിന്നു വന്നവരുടെ പിന്തുടർച്ചാവകാശികളായിരിക്കുകയില്ല കുറേപ്പേർ വന്നിരിക്കാം. ക്രമേണ ഇവര ഇവിടത്തെ വർഗക്കാരിൽ, തങ്ങളോട് കൂടുതൽ അടുത്തവരെ കൂടെ ചേർത്തിരിക്കാൻ ഇടയുണ്ട്. ഇവിടത്തെ പ്രമാണിമാർക്കു ബ്രാഹ്മണ്യം നൽകി അംഗസംഖ്യ വർദ്ധിപ്പിച്ചതിനു ശേഷമായിരിക്കാം അവർക്ക് കേരളീയ ജീവിതത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുവാനും ഭരണത്തിൽ പിടിമുറുക്കാനും കഴിഞ്ഞത് എന്നാണ് ശ്രീ വേലായുധൻ പണിക്കശ്ശേരിയുടെ നിഗമനം.14.. പ്രബലന്മാരായ ബ്രഹ്മണരുടെ ഒരു പുതിയ സംഘം വന്നതോടെയാണ് തീവ്രമായ ആര്യവൽക്കരണം നടന്നത് എന്നത് നിസ്ഥർക്കമാണ്.

'ബ്രാഹ്മണരോട് തർക്കിക്കുവാൻ', അലക്സാണ്ട്ര്യായിലെ മത-വിദ്യാപീദത്തിന്റെ തലവനായ പന്തേനുസ് , ക്രി. വ . രണ്ടാം നൂറ്റാണ്ടിൽ , ഇന്ത്യ സന്ദർശിച്ചു എന്നു,( അതു കേരളമാകാനെ തരമുള്ളൂ ),ആദ്യത്തെ ( ക്രൈസ്തവ ) സഭാചരിത്രകാരനായ എവുസേബിയുസിന്റെ  ( Eusebius of Caesarea, in Palestine ( 260-340) ,സാക്ഷ്യവും സഭാപിതാവായ  ജെറോമിന്റെയും (  345- 349, AD ) ക്ലെമെന്റിന്റെയും  ( Clement of Alexandria : 3rd C ) അടയാള സഹിതമുള്ള സ്ഥിരീകരണവും, മലബാർ -നസ്രാണി - പാരമ്പര്യവും, ബ്രാഹ്മണ സാന്നിധ്യത്തെ കുറിച്ചുളള നമ്മുടെ  പല മുൻ ധാരണ കളെയും തിരുത്താൻ പോന്നവയാണ്.15.



അടിക്കുറിപ്പുകൾFoot Notes ) :

10 – Dr.Rajan Gurukkal : St.Thomas Christians & Nambudiri Brahmins : A Note :p.109. ( L R C Publication )


11  -    എ. ശ്രീധര മേനോൻ  : കേരള ചരിത്രം - പേ . 139  - 103.

12 ., 13 -   ആത്രശ്ശേരിഅഗ്നിശർമ്മൻ നമ്പുതിരി പ്പാട് :  തൃപ്പുണിത്തുറ നടന്ന ചരിത്ര സിംബൊസിയതിൽ അവതരിപ്പിച്ച പ്ര ബന്ധം .

14.      വേലായുധൻ പണിക്കശ്ശേരി  : കേരളത്തിലെ രാജവംശങ്ങൾ - p. 29.


15 -" Clement goes on describe the philosophers , and gymnosophists with whom Pantaenus came into contact, and mentions Brahmans and “ Sarmanae whom are also called Hylobii ; and neither in habit of shave roofs over their heads, and know not marriage and begetting of children,”,referring no doubt to the…  and it is probable that there were Brahmins in 2nd century A.D. – Rae. C.M.:'The Syrian Church in India',P.37, Edinburgh ( 1842 ) - Quoted by C.A.Innes – In Madras District Gazetteers – Vol I / 201.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ